പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം വിപുലമാക്കാന്‍ വിവിധ പരിപാടികളുമായി ഇന്ത്യന്‍ എംബസി. ഫെബ്രുവരി 13ന് നടക്കുന്ന അഹ്‌ലന്‍ മോദി പരിപാടിയ്ക്കായി തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലെത്തി. 150 ലേറെ സംഘടനകള്‍ സംയുക്തമായാണ് പരിപാടിയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്തുന്നത്.അബുദബിയിലെ ഹിന്ദുശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ പ്രവാസി സമൂഹം.
ഫെബ്രുവരി 13നാണ് അബുദബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ അഹ്‌ലന്‍ മോദി എന്ന പേരില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടി നടക്കുക. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150 ലെറെ സംഘടനകളുടെ നേതൃത്വത്തിലാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അറുപത്തിയയ്യായിരം കടന്നതോടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണൂറിലധികം കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഒരുക്കും.
വിവിധ സംസ്ഥാനങ്ങളുടെ തനത് കലകളായിരിക്കും അവതരിപ്പിക്കപ്പെടുക. അബുദബിയില്‍ നിന്നുമാത്രം മുന്നൂറോളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെയും യുഎഇയുടെയും ചരിത്രാതീത കാലത്തെ ബന്ധങ്ങളും പരപാടിയില്‍ നിറയും. യുഎഇയില്‍ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സമ്മേളനത്തിനാകും അബുദബി സാക്ഷ്യം വഹിക്കുക. രണ്ടായിരത്തിലേറെ വളണ്ടിയര്‍മാര്‍ സഹായത്തിനുണ്ടാകും. ഫെബ്രുവരി 14 നാണ് അബുദബിയിലെ ക്ഷേത്രത്തിന്റെ സമര്‍പ്പണം നടക്കുന്നത്.