ഗാസ യുദ്ധം ചര്‍ച്ച ചെയ്യുന്നതിനായി അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ
യോഗം വിളിച്ച് ചേര്‍ത്ത് സൗദി അറേബ്യ. യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു.ദ്വിരാഷ്ട്രപരിഹാരത്തിനായി ശക്തമായ നടപടികള്‍ ആവശ്യമാണെന്നും യോഗം ആവശ്യപ്പെട്ടു .സൗദി തലസ്ഥാനമായ റിയാദില്‍ ആണ് അഞ്ച് അറബ് രാജ്യങ്ങളുടെയും പലസ്തീന്റെയും പ്രതിനിധികള്‍ അടിയന്തരയോഗം ചേര്‍ന്നത്.
യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി, ജോര്‍ദ്ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ അല്‍ സ്വഫദി, ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി സാമിഹ് ശുക്‌രി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയും സിവില്‍ അഫയേഴ്‌സ് മന്ത്രിയുമായ ഹുസൈല്‍ അല്‍ ഷെയ്ഖും യോഗത്തില്‍ പങ്കെടുത്തു. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണം എന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായും പിന്‍മാറണം എന്നും യോഗം ആവശ്യപ്പെട്ടു.
1967 ജൂണ്‍ നാലിലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കണം.ഗാസയില്‍ സഹായം എത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മുഴുവന്‍ നിയന്ത്രണങ്ങളും നീക്കണം എന്നും യോഗം ആവശ്യപ്പെട്ടു. പലസ്തീനിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമായി.