അബുദബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ തീരുമാനപ്രകാരം ആണ് പേര് മാറ്റം. തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടുള്ള ആദരസൂചകമായിട്ടാണ് അബുദബി വിമാനത്താവളത്തിന് സായിദ് രാജ്യാന്തര വിമാനത്താവളം എന്ന പേര് നല്‍കിയത്.
നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ടെര്‍മിനല്‍ എയുടെ ഔദ്യോഗിക ഉദ്ഘാടനവും ഇന്ന് നടത്തപ്പെട്ടു. ഇതോട് അനുബന്ധിച്ചാണ് വിമാനത്താവളത്തിന്റെ പുതിയ പേരും പ്രാബല്യത്തില്‍ വന്നത്. 742000 ചതുരശ്രമീറ്റര്‍ വിസ്തൃതയില്‍ ആണ് അബുദബി വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ പതിനൊരായിരം പേരെ കൈകാര്യ ചെയ്യാന്‍ ശേഷിയുള്ളതാണ് പുതിയ ടെര്‍മിനല്‍.ഒക്ടോബര്‍ മുപ്പത്തിയൊന്നിന് ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ദില്ലി വിമാനം ആണ് പുതിയ ടെര്‍മിനലില്‍ നിന്നും ആദ്യ സര്‍വീസ് നടത്തിയത്. പുതിയ ടെര്‍മിനലിന്റെ ഔദ്യോഗിക ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇത്തിഹാദ് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട് .
ഫെബ്രുവരി ഒന്‍പത് മുതല്‍ പതിനാല് വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ പതിനഞ്ച് വരെ യാത്രയുള്ള ടിക്കറ്റുകള്‍ക്കാണ് ആനുകുല്യം പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ഡ്യുട്ടി ഫ്രീയിലും ഷോപ്പുകളിലും റെസ്റ്ററന്റുകളിലും ഇന്ന് മുതല്‍ പതിനൊന്ന് വരെ യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്