ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. ഇരുപത്തിയേഴ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഹമാസ് കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ വിശദീകരണം.
ഗാസയിലെ നുസെയ്‌റത്തില്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് നേരെയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. രണ്ട് മിസൈലുകള്‍ ആണ് സ്‌കൂള്‍ കെട്ടിടത്തില്‍ പതിച്ചത്. സ്ത്രീകള്‍ അടക്കം ഇരുപത്തിയേഴ് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഹമാസ് കേന്ദ്രമാക്കിയ സ്‌കൂളിന് നേരെയാണ് ആക്രമണം നടത്തിയതെന്നും ഭീകരവാദികളാണ് കൊല്ലപ്പെട്ടതെന്നും ആണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വിശദീകരണം.ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെയും ഇസ്ലാമിക് ജിവാദിന്റെയും പ്രവര്‍ത്തകരാണ് നുസെയ്‌റത്തിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ സ്‌കൂളില്‍ തമ്പടിച്ചിരുന്നതെന്നും പ്രതിരോധ സേന അവകാശപ്പെട്ടു.
എന്നാല്‍ ഈ അവകാശവാദം നിഷേധിച്ച ഹമാസിന്റെ മാധ്യമവിഭാഗം ഇസ്രയേല്‍ സൈന്യം അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ നരനായാട്ട് നടത്തുകയാണെന്ന് ആരോപിച്ചു.ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് ഇടയിലാണ് അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ക്ക് നേരെ അടക്കം ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നതുകൊണ്ട് ആക്രമണം നിര്‍ത്തിവെക്കില്ലെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കിയിട്ടുണ്ട്.