യുഎഇയിലേക്ക് വിസിറ്റ് വീസയില്‍ എത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ വിമാന കമ്പനികള്‍. യുഎഇയില്‍ നിലവിലുള്ള യാത്രാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് നിര്‍ദ്ദേശം. ഇന്ത്യന്‍ എയര്‍ലൈനുകള്‍ ട്രാവല്‍ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.യുഎഇയിലേക്ക് സന്ദര്‍ശക വീസയില്‍ എത്തുന്നവരുടെ യാത്ര മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് രേഖാ മൂലം മുന്നറിയിപ്പ് നല്‍കി.
ഒരു മാസത്തെ വീസയില്‍ എത്തുന്നവര്‍ മൂവായിരം ദിര്‍ഹവും, ഒന്നിലേറെ മാസത്തേയ്ക്ക് എത്തുന്നവര്‍ അയ്യായിരം ദിര്‍ഹവും കൈവശം ഉണ്ടായിരിക്കണമെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കുന്നത്. യുഎഇയിലേക്ക് എത്തുന്ന അതേ എയര്‍ലൈനില്‍ തന്നെ മടക്കയാത്രാ ടിക്കറ്റും എടുക്കണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ കൈവശം അവരുടെ ഫോണ്‍ നമ്പറും മേല്‍വിലാസവും താമസ വിവരങ്ങളും ഉണ്ടായിരിക്കണം. മതിയായ രേഖകള്‍ ഇല്ലാതെ വരുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കി.
യുഎഇ യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. മതിയായ യാത്രാരേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയിരുന്നു. യാത്രാ നിയമം സംബന്ധിച്ച ആശയകുഴപ്പങ്ങള്‍ക്കിടെയാണ് കൃത്യമായ മാനദണ്ഡങ്ങള്‍ വിശദമാക്കി ട്രാവല്‍ ഏജന്‍സികള്‍ക്ക് വിമാന കമ്പനികള്‍ സര്‍ക്കുലര്‍ അയച്ചത്. കൃത്യമായ യാത്രാരേഖകളും മതിയായ പണവും ഇല്ലാതെ എത്തുന്നവരെ മടക്കി അയയ്ക്കുമെന്നും അറിയിപ്പിലുണ്ട്.
………