യുഎഇയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇരുചക്ര വാഹന ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങളും ഒരുങ്ങുന്നു. രാജ്യത്തുടനീളം ആറായിരത്തിലധികം വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മാനവവിഭശേഷി മന്ത്രാലയം അറിയിച്ചു. ജൂണ്‍ പതിനഞ്ച് മുതലാണ് ഉച്ചവിശ്രമ സമയം പ്രാബല്യത്തില്‍ വരിക.സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സഹകരിച്ചാണ് രാജ്യത്തുടനീളം ഇരുചക്രവാഹന ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.
ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡെലിവറി ഡ്രൈവര്‍മാര്‍ക്കും വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുകയാണ് മാനവവിഭവശേഷി മന്ത്രാലയം. മുന്‍ വര്‍ഷങ്ങളിലും നടപ്പിലാക്കിയതിനു സമാനമായി പാതയോരങ്ങളിലും പ്രത്യേക സ്ഥലങ്ങളിലും വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ശീതീകരിച്ച ഈ കേന്ദ്രങ്ങളില്‍ ഡെലിവറി സേവനങ്ങള്‍ നടത്തുന്നവര്‍ക്ക് ഉച്ചസമയങ്ങളില്‍ വിശ്രമത്തിനായി ഉപയോഗിക്കാം. രാജ്യത്തുടനീളം ആറായിരം വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്ന സ്ഥലങ്ങള്‍ മാപ്പില്‍ രേഖപ്പെടുത്തും.
ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും സുരക്ഷിതമായി തൊഴില്‍ ചെയ്യുന്നതിനുമാണ് പദ്ധതിയെന്നും മന്ത്രാലയം അറിയിച്ചു. വിശ്രമ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റും, കുടിവെള്ളവും നല്‍കും. ജൂണ്‍ പതിനഞ്ച് മുതല്‍ സെപ്റ്റംബര്‍ പതിനഞ്ച് വരെയാണ് രാജ്യത്ത് ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചിരിക്കുന്നത്.