ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ നാല് പേരെ മോചിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.ശക്തമായ ആക്രമണം നടത്തി പ്രതിരോധം തീര്‍ത്ത ശേഷമാണ് ബന്ദികളെ മോചിപ്പിച്ചതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ബന്ദികളുടെ മോചനത്തിനായി 274 പലസ്തീനികളെ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന് ഹമാസ് ആരോപിച്ചു.മധ്യഗാസയിലെ നുസൈറത്തില്‍ നിന്നും ആണ് നാല് ബന്ദികളെ ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചത്. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും ഒരുപോലെ ആക്രമണം നടത്തിയാണ് ബന്ദികളെ മോചിപ്പിച്ചതെന്ന് ഇസ്രയേല്‍ സേന വക്താവ് ഡാനിയല്‍ ഹാഗിരി അറിയിച്ചു.
നുസൈറത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകളിലായിട്ടാണ് ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്നും ബന്ദികളാക്കിയ നാല് പേരെ ഹമാസ് പാര്‍പ്പിച്ചിരുന്നത്. ബന്ദികളുടെ മോചനത്തിനായി നടത്തിയ ആക്രമണത്തില്‍ നിരവധി ഹമാസ് ഭീകരര്‍ മരിച്ചിട്ടുണ്ടാകും ഒന്നും ഡാനിയല്‍ ഹാഗിരി പറഞ്ഞു. നൂറിലധികം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും എന്നും ഇസ്രയേല്‍ സേനയുടെ ഒരു കമാന്‍ഡറും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നും പ്രതിരോധ സേന വക്താവ് അറിയിച്ചു. മോചിപ്പിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. അതെസമയം നുസൈറത്തില്‍ ഇസ്രയേല്‍ സൈന്യം നരനായാട്ടാണ് നടത്തിയതെന്ന് ഹമാസ് ആരോപിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരെയാണ് ഇസ്രയേല്‍ ക്രൂരമായി കൊലപ്പെടുത്തിയതെന്നും ഹമാസ് ആരോപിച്ചു.274 പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. നാനൂറിലധികം പേര്‍ക്കാണ് പരുക്കേറ്റത്.
ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേല്‍ സൈന്യം നടത്തിയ കൂട്ടക്കൊല ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടിയന്തരമായി യു.എന്‍ രക്ഷാസമിതി സമിതി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണം എന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ ആവശ്യപ്പെട്ടു.