ദുബൈ: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബൈ ആര്‍ടിഎയുടെ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിച്ചത് 6.7 ദശലക്ഷം യാത്രക്കാര്‍. മെട്രോയിലാണ് ഏറ്റവുമധികം യാത്രക്കാര്‍ സഞ്ചരിച്ചത്. ജൂണ്‍ പതിനഞ്ച് മുതല്‍ പതിനെട്ട് വരെയുള്ള കണക്കുകളാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി പുറത്തുവിട്ടത്. മെട്രോ, ട്രാം, ബസ്, ടാക്‌സികള്‍, ജലയാനങ്ങള്‍ എന്നിവയില്‍ 6.7 ദശലക്ഷം യാത്രക്കരാണ് സഞ്ചരിച്ചത്. മെട്രോയിലാണ് ഏറ്റവുമധികം യാത്രക്കാര്‍ സഞ്ചരിച്ചത്. റെഡ്, ഗ്രീന്‍ ലൈനുകളില്‍ യാത്രക്കാരുടെ എണ്ണം 2.5 ദശലക്ഷത്തിലെത്തി. ട്രാം ഉപയോഗിച്ചത് ഒരു ലക്ഷത്തി ആയിരം പേരാണ്. ബസിലെ യാത്രക്കാരുടെ എണ്ണം 1.4 ദശലക്ഷമായി. 2,80000 പേര്‍ മറൈന്‍ ഗതാഗത സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. രണ്ട് ദശലക്ഷം ആളുകള്‍ ടാക്‌സികള്‍ ഉപയോഗിച്ചു. 3,50000 പേരാണ് ഷെയര്‍ ടാക്‌സികള്‍ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6.4 ദശലക്ഷം യാത്രക്കാരായിരുന്നു ദുബൈയിലെ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിച്ചത്. അവധി ദിനങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനായി മെട്രോയുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിരുന്നു. ഇതിനു പുറമേ ബസുകളും, ടാക്‌സികളും അധിക സര്‍വ്വീസുകളും നടത്തിയിരുന്നു.