അബുദബി: വിസിറ്റ് വീസയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായി ദുബൈ ജിഡിആര്‍എഫ്എ. വിസിറ്റ് വീസയുടെ കാലാവധി കഴിഞ്ഞ് പത്ത് ദിവസത്തിലധികം രാജ്യത്ത് തങ്ങിയാല്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. യുഎഇ ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചതായി കാണിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചത്. ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ പിന്നീട് രാജ്യത്ത് ഒരു വീസയും ലഭിക്കില്ലെന്നും രാജ്യത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് ജിഡിആര്‍എഫ്എ. കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നാണ് നിര്‍ദ്ദേശം. വിസിറ്റ് വീസയില്‍ കഴിയുന്നവര്‍ക്ക് ഓവര്‍സ്‌റ്റേ ഉള്‍പ്പെടെ വീസ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും ഓഫീസുമായോ ടോള്‍ഫ്രീ നമ്പറായ 8005111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.