അബുദബി: ശബ്ദപരിധി അളക്കാന്‍ നിര്‍ദ്ദേശം നല്‍കി അബുദബി പരിസ്ഥിതി ഏജന്‍സി. എമിറേറ്റിലുടനീളമുള്ള പ്രദേശങ്ങളിലെ ശബ്ദപരിധി അളക്കുന്നതിനാണ് നിര്‍ദ്ദേശം. ഉയര്‍ന്ന ശബ്ദപരിധിയിലുള്ള അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനാണ് പദ്ധതി. എമിറേറ്റിലെ ഏറ്റവും ഉയര്‍ന്ന ശബ്ദ സ്രോതസ്സുകളുടെ ശ്രേണി കണ്ടെത്തുകയാണ് ലക്ഷ്യം. ഉയര്‍ന്ന ശബ്ദപരിധി ബാധിക്കുന്ന താമസ മേഖലകളെ കണ്ടെത്തി പരിഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന ശബ്ദപരിധിയില്‍ ഉണ്ടാകുന്ന ആഘാതങ്ങള്‍ വിലയിരുത്തും. പദ്ധതിയുടെ ഭാഗമായി പത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നോയ്‌സ് കമ്മറ്റി രൂപീകരിച്ചതായി പരിസ്ഥിതി ഏജന്‍സിയിലെ എന്‍വയോണ്‍മെന്റല്‍ ക്വാളിറ്റി സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ ഹമ്മാദി വ്യക്തമാക്കി. ഉയര്‍ന്ന ശബ്ദപരിധിയില്‍ നിന്നും താമസ മേഖലകളെയോ, സ്‌കൂളകളെയോ സംരക്ഷിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവരശേഖരണത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ആരോഗ്യ മുന്‍കരുതലുകള്‍ പരിസ്ഥിതി ഏജന്‍സി സ്വീകരിക്കും. എമിറേറ്റില്‍ 2007 മുതല്‍ വായു ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി പദ്ധതി നടപ്പിലാക്കിയുരുന്നു. ഇതിന്റെ ഭാഗമായി വായു ഗുണനിലവാരം ഉയര്‍ത്തുന്നതിനായി വിവിധ പദ്ധതികളും നടപ്പിലാക്കുകയാണ്.