ദുബൈ: വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മാത്രം പ്രവേശനം. ജൂലൈ ആറ് മുതല്‍ 17 വരെ യാത്രക്കാര്‍ അല്ലാത്തവരെ വിമനാത്താവളത്തിലേക്ക് പ്രവേശിപ്പിക്കില്ല. വിമാനത്താവളത്തിലെ തിരക്ക് പ്രമാണിച്ചാണ് തീരുമാനം. ജൂലൈ ആറ് മുതല്‍ ഈ മാസം 17 വരെ 3.3 ദശലക്ഷം യാത്രക്കാര്‍ ദുബൈ വഴി സഞ്ചരിക്കുമെന്നാണ് എയര്‍പോര്‍ട്‌സ് അതോരിറ്റിയുടെ കണക്ക്. 9,14,000 യാത്രക്കാരാണ് ദുബൈയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. വരും ദിവസങ്ങളില്‍ എണ്ണം വര്‍ദ്ധിക്കും. ഇതോടെയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ടെര്‍മിനല്‍ ഒന്നിലും മൂന്നിലും ടാക്‌സികള്‍ക്കും എയര്‍പോര്‍ട്ട് വാഹനങ്ങള്‍ക്കും മാത്രമായിരിക്കും പ്രവേശനം. പരമാവധി യാത്രക്കാര്‍ മെട്രോ സര്‍വ്വീസിനെ ആശ്രയിക്കണം. ജൂലൈ 12 മുതല്‍ 14 വരെ ആയിരിക്കും ഏറ്റവും തിരക്ക് വര്‍ദ്ധിക്കുക. 8,40,000 യാത്രക്കാര്‍ സഞ്ചരിക്കുമെന്നാണ് കണക്കുകള്‍. ജൂലൈ 13 ആണ് ഏറ്റവും തിരക്കേറിയ ദിവസമായി കണക്കാക്കുന്നത്. 2,86,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. തിരക്കേറിയ ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 2,74,000 യാത്രക്കാര്‍ വീതം സഞ്ചരിക്കുമെന്നാണ് ദുബൈ എയര്‍പോര്‍ട്ട് അതോരിറ്റിയുടെ കണക്കുകള്‍. തടസ്സമില്ലാത്ത യാത്രകള്‍ക്കായാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാ നടപടികള്‍ സംബന്ധിച്ച് വിവിധ എയര്‍ലൈനുകളും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.