ദുബൈ: കൂടുതല്‍ താമസ മേഖലകളിലേക്ക് ബസ് സര്‍വ്വീസ് ആരംഭിച്ച് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. ദുബൈ ഹില്‍സില്‍ നിന്നും ഇക്വിറ്റി മെട്രോസ്‌റ്റേഷനിലേക്കും ഡമാക് ഹില്‍സില്‍ നിന്നും ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കുമാണ് പുതിയ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. ദുബൈ ഹില്‍സില്‍ നിന്നും ഇക്വിറ്റി മെട്രോ സ്‌റ്റേഷിലേക്ക് ഡിഎച്ച് 1 എന്ന നമ്പറിലാണ് ബസ് സര്‍വ്വീസ് നടത്തുക. രാവിലെ 7.09ന് ദുബൈ ഹില്‍സില്‍ നിന്നും ആദ്യ ബസ് പുറപ്പെടും. പ്രവൃത്തി ദിവസങ്ങളില്‍ രാത്രി 10.09 വരെ ബസ് സര്‍വ്വീസുകള്‍ ലഭിക്കും. വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ അര്‍ദ്ധരാത്രി 12.09 വരെ ബസ് സര്‍വ്വീസ് നടത്തും. ഓരോ മണിക്കൂര്‍ ഇടവേളകളിലാണ് ബസുകള്‍ സര്‍വ്വീസ് നടത്തുക. ഡമാക് ഹില്‍സില്‍ നിന്നും ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്ക് രണ്ട് മണിക്കൂര്‍ ഇടവേളകളില്‍ ബസ് സര്‍വ്വീസ് നടത്തും. ഡിഎ2 എന്ന നമ്പറിലുള്ള ബസാണ് സര്‍വ്വീസ് നടത്തുക. പുലര്‍ച്ചെ 5.47 നാണ് ആദ്യ ബസ് പുറപ്പെടുക. രാത്രി 9.32 വരെ ബസുകള്‍ സര്‍വ്വീസ് നടത്തും. ഒരോ യാത്രയ്ക്കും അഞ്ച് ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. പൊതുഗതാഗത സേവനങ്ങള്‍ കൂടുതല്‍ താമസ മേഖലകളിലേക്ക് എത്തിക്കുന്നതിലൂടെ ആളുകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ടിഎ പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ അദേല്‍ മുഹമ്മദ് ഷാക്കേരി പറഞ്ഞു.