Wednesday, January 15, 2025
HomeNewsNationalകേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു, വ്യാപകനാശം

കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു, വ്യാപകനാശം

കേരളത്തില്‍ കനത്ത നാശം വിതച്ച് അതിതീവ്രമഴ. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലായി നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരിലിറങ്ങേണ്ട കുവൈത്ത് കണ്ണൂര്‍ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റില്‍ ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞു വീണതിനാല്‍ കൊച്ചി മെട്രോയുടെ സര്‍വ്വീസ് തടസ്സപ്പെട്ടു.

ഇടുക്കി ജില്ലയില്‍ മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലത്തിനു സമീപം പൂയംകുട്ടിയില്‍ കാട്ടാന പുഴയില്‍ വീണു. മലപ്പുറത്ത് 42 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ഇടുക്കിയില്‍ 25 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments