ഗുജറാത്തില്‍ ചാന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി ഉയര്‍ന്നു. മുപ്പതോളം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളിലേക്ക് വൈറസ് വ്യാപിക്കുന്നുണ്ട്.സബര്‍കാന്ത, ആരവല്ലി, മഹിസാഹര്‍, മെഹ്‌സാന,രാജ്‌കോട്ട് ജില്ലകളിലാണ് വൈറസ് ബാധ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു നാല് വയസുകാരന്‍ അടക്കം പതിനഞ്ച് കുട്ടികള്‍ ഇതുവരെ വൈറസ് രോഗലക്ഷണങ്ങളോടെ മരണപ്പെട്ടു.
പന്ത്രണ്ട് ജില്ലകളില്‍ ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇരുപത്തിയൊന്‍പത് പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നുണ്ട്. കൂടുതല്‍ ജില്ലകളിലേക്ക് വൈറസ് വ്യാപനം നടന്നിരിക്കുന്നതിനാല്‍ വരും ദിവസങ്ങളഇല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പും ഡോക്ടര്‍മാരും പ്രതീക്ഷിക്കുന്നത്. വൈറസ് ബാധയെ കുറിച്ച് വിശദമായി പഠിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത ഇതുവരെ 51725 പേരേ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
മരണസാധ്യത കൂടുതലുള്ള അപൂര്‍വ്വ വൈറസ് ആണ് ഗുജറാത്തില്‍ ഭീതി പരത്തുന്നത്. മഹാരാഷ്ട്രയിലെ ചാന്ദിപ്പുര ഗ്രാമത്തില്‍ ആണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. ഇക്കാരണത്താലാണ് ഈ വൈറസ് ചാന്ദിപുര വൈറസ് എന്ന് അറിയപ്പെടുന്നത്. കടുത്ത പനിയും,ഛര്‍ദ്ദിയും ആണ് പ്രധാന രോഗലക്ഷണങ്ങള്‍.