ബംഗ്ലദേശിലെ സംവരണ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ സംഘടിക്കുകയും അക്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ നടപടി. മൂന്ന് ബംഗ്ലദേശികള്‍ക്ക് ജീവപര്യന്തം തടവും 54 പേര്‍ക്ക് തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. അബുദബി ഫെഡറല്‍ അപ്പീല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.യുഎഇയില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിക്കുകയും ആക്രമം നടത്തുകയും ചെയ്ത ബംഗ്ലദേശ് പൗരന്മാരെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊതുസ്ഥലത്ത് അനുവാദമില്ലാതെ കൂട്ടം കൂടുക, മാതൃരാജ്യത്തിനെതിരെ യുഎഇയില്‍ പ്രതിഷേധിക്കുക, സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പെരുമാറുക, ക്രമസമാധാനം നശിപ്പിക്കുക, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുക, മറ്റുള്ളവര്‍ക്ക് അപകടവും പരുക്കും ഉണ്ടാക്കുക, മറ്റുള്ളവരുടെ അവകാശം ഹനിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരുന്നത്. യുഎഇ അറ്റോണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
മൂന്ന് ബംഗ്ലദേശി പൗരന്മാര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 54 പേര്‍ക്ക് തടവും നാടുകടത്തലുമാണ് ശിക്ഷ. രാജ്യത്തെ നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.