വയനാട് ഉരുള്‍പൊട്ടലില്‍ മരണം 290 കടന്നു. ഇനിയും ഇരുനൂറിലധികം പേരെ കണ്ടെത്താനുണ്ട്. കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് തെരത്തില്‍.മുണ്ടക്കൈയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും തെരച്ചില്‍ പുരോഗമിക്കുമ്പോള്‍ മരണസംഖ്യയും ഉയരുകയാണ്. പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നും ഇതുവരെ കണ്ടെടുത്തത് 139 മൃതദേഹങ്ങള്‍ ആണ്. ചാലിയാറില്‍ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചു.
ഇതുവരെ ദുരന്തമുഖത്ത് നിന്നും 1600-ഓളം പേരെ രക്ഷപെടുത്തി.എണ്ണായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ട്. മുണ്ടക്കൈ,ചൂരല്‍മല,പുഞ്ചിരിമട്ടം എന്നി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനി എത്ര പേരെ കണ്ടെത്താനുണ്ട് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 250-ല്‍ അധികം പേരെ കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കല്ലും മണ്ണും മരങ്ങളും കെട്ടിടാവശിഷ്ടങ്ങളും നീക്കായണ് തെരച്ചില്‍ നടത്തുന്നത്.മണ്ണുമാന്തി യന്ത്രങ്ങള്‍ അടക്കം കൂടുതല്‍ യന്ത്രസാമഗ്രികള്‍ ഇന്ന് ദുരന്തമുഖത്ത് എത്തിച്ചിട്ടുണ്ട്.ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ ഇന്നും ബാധിക്കുന്നുണ്ട്.
വയനാട്ടിലേത് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.അഞ്ചൂറിലധികം സൈനികര്‍ ആണ് ദുരിതബാധിത മേഖലകളില്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്.നിര്‍മ്മാണം പൂര്‍ത്തിയായ ബെയ്‌ലി പാലം സ്ഥിരം പാലം നിര്‍മ്മിക്കും വരെ മുണ്ടക്കൈയില്‍ തുടരും എന്നും സൈന്യം അറിയിച്ചു.