യമുനാ നദിയിലെ ജലം അപകട നിലക്ക് മുകളിലെത്തി. കനത്ത മഴയെ തുടർന്ന് അണക്കെട്ടുകൾ തുറന്നു വിട്ടതിനാൽ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് വെള്ളം അപകടനിലക്ക് മുകളിലെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നദിയുടെ തീരത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ദ്രുതഗതിയിലാക്കി.
ഇന്ന് രാവിലെ നദിയിലെ ജലനിരപ്പ് 206.24 മീറ്ററായി. ഇന്നലെ വൈകിട്ട് ഇത് 203.33 ആയിരുന്നു. ഇന്ന് ഉച്ചയോടെ അപകടനില മറികടക്കുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. യമുനയിലേക്ക് ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് ഹരിയാന കൂടുതല്‍ ജലം തുറന്നുവിട്ടതോടെയാണ് ജലനിരപ്പ് വളരെ വേഗം ഉയരുന്നത്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളെയും യമുനയിലെ ജലനിരപ്പും നിരീക്ഷിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.