അവധിക്കാലം കഴിഞ്ഞ് പ്രാവസികള്‍ തിരികെ യുഎഇയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നതോടെ ടിക്കറ്റ് നിരക്കും കുത്തനെ ഉയരുന്നു. ഈ മാസം പകുതി മുതല്‍ ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ദ്ധന വരുത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. സാധാരണ നിരക്കില്‍ നിന്നും നാല് ഇരട്ടിയിലധികമാണ് വര്‍ദ്ധന.കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരെ കൊള്ളയിടിക്കുകയാണ് വിമാന കമ്പനികള്‍. ആഗസ്റ്റ് 15 ന് കൊച്ചിയില്‍ നിന്നും ദുബൈ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള കണക്ടഷന്‍ ഫ്‌ളൈറ്റിന് 950 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.
അബുദബിയിലേക്കുള്ള യാത്രയ്ക്ക് 1160 ദിര്‍ഹമാണ് കുറഞ്ഞ നിരക്ക്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് രണ്ടായിരം ദിര്‍ഹത്തിനു മുകളിലാണ് വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും നേരിട്ട് യുഎഇയിലെ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂവായിരം ദിര്‍ഹവും കടന്നു. താരതേന്യ ടിക്കറ്റ് നിരക്ക് കുറവുള്ള അബുദബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു പോലും യാത്ര ചെയ്യണമെങ്കില്‍ 2450 ദിര്‍ഹത്തോളം നല്‍കണം. ടിക്കറ്റ് നിരക്ക് ഉയരുമ്പോള്‍ പലരും കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യാറുണ്ട്. എന്നാല്‍ സമയ നഷ്ടത്തിനൊപ്പം അമിത നിരക്കും നല്‍കിയാല്‍ മാത്രമേ ഈ മാസം യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ കഴിയു.
ടിക്കറ്റ് നിരക്ക് വര്‍ദ്ധനയില്‍ ഇന്ത്യന്‍ വിമാന കമ്പനികളാണ് മുന്‍പന്തിയില്‍. ഇന്‍ഡിഗോ, എയര്‍ഇന്ത്യ, എയന്‍ഇന്ത്യ എക്‌സ്പ്രസ് വിമാന കമ്പനികളാണ് ഭീമമായ നിരക്ക് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഈ സമയങ്ങളില്‍ ആകാശ എയറും 1800 ദിര്‍ഹം മുതലാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. യുഎഇയുടെ വിമാന കമ്പനികള്‍ക്കും മൂവായിരം ദിര്‍ഹം വരെയാണ് നിരക്ക്. കുടുംബമായി കേരളത്തില്‍ നിന്നും യാത്ര ചെയ്യുന്നവരെയാണ് നിരക്ക് വര്‍ദ്ധന ഏറെ പ്രതികൂലമായി ബാധിക്കുന്നത്. അതേസമയം ഇന്ത്യയിലെ മറ്റ് സെക്ടറുകളില്‍ നിന്നും ഈ മാസം അവസാനം വരെ യാത്ര ചെയ്യുന്നവര്‍ക്ക് 1000 ദിര്‍ഹം മുതല്‍ ടിക്കറ്റും ലഭ്യമാണ്. സെപ്റ്റംബര്‍ ആദ്യവാരം കഴിയുന്നതോടെ നിരക്ക് സാധാരണ നിലയിലേക്ക് താഴുന്നുമുണ്ട്.