സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ആണ് കൊച്ചി രാജ്യാന്തരവിമാനത്താവളം അടക്കം രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന ശക്തിപ്പെടുത്തിയത്. ഓഗസ്റ്റ് ഇരുപത് വരെയാണ് സുരക്ഷാ പരിശോധന വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിമാനത്തിലേക്ക് കയറുന്നതിന് മുന്‍പ് സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്കിംഗ് എന്ന ഒരു പരിശോധന കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൊച്ചി രാജ്യാന്തരവിമാനത്താവളം അറിയിച്ചു. അധികപരിശോധന കൊച്ചിയിലും മുംബൈ വിമാനത്താവളത്തിലും എല്ലാം തിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
യാത്രക്കാര്‍ കൂടുതലായി സഞ്ചരിക്കുന്ന സമയത്ത് അധികപരിശോധന കൂടി എത്തിയതാണ് തിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. എയര്‍ഇന്ത്യ അടക്കമുള്ള എയര്‍ലൈനുകള്‍ യാത്രക്കാരോട് വിമാനത്താവളത്തില്‍ നേരത്തെ എത്തണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രാജ്യാന്തര യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് എങ്കിലും എത്തണം എന്നാണ് നിര്‍ദ്ദേശം.
ഇതിനിടെ സുരക്ഷാ പരിശോധനയ്ക്കിടെ ജീവനക്കാരനോട് മോശമായി പെരുമാറിയ യാത്രക്കാരനെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നും മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ യാത്രക്കാരനായ മനോജ് കുമാറിനെ ആണ് അറസ്റ്റ് ചെയ്തത്. തന്റെ ബാഗിലെന്താ ബോംബ് ഉണ്ടോ എന്ന് ചോദിച്ചതിനാണ് അറസ്റ്റ്.