യുക്രൈന്റെ ആക്രമണ ഭീതിയില്‍ രണ്ടാമത് ഒരു മേഖലയില്‍ കൂടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബെല്‍ഗൊരോദില്‍ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. റഷ്യയില്‍ 74 നഗരങ്ങളും ഗ്രാമങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ിന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു.യുക്രൈന്‍ സൈന്യം അപ്രതീക്ഷിതമായി അതിര്‍ത്തി കടന്ന് റഷ്യയില്‍ പ്രവേശിച്ച് ആക്രമണം ആരംഭിച്ചിട്ട് ഒരാഴ്ച്ച പിന്നിടുകയാണ്. റഷ്യയിലെ കുര്‍സക് മേഖലയില്‍ ആയിരം ചതുരശ്രകിലോമീറ്റര്‍ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് യുക്രൈന്റെ അവകാശവാദം.
റഷ്യക്കുള്ളില്‍ തങ്ങള്‍ മുന്നേറ്റം തുടരുകയാണെന്നും യുക്രൈന്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. റഷ്യ-യുക്രൈന്‍ അതിര്‍ത്തിയേട് ചേര്‍ന്ന് കിടക്കുന്ന ബെല്‍ഗൊരോദിലും താമസക്കാരെ ഒഴിപ്പിക്കുകയാണ് പുടിന്‍ ഭരണകൂടം. ഇവിടെ യുക്രൈന്‍ സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുന്നുവെന്നും നിരവധി വീടുകള്‍ തകര്‍ക്കപ്പട്ടെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റന്നും ബെല്‍ഗൊരോദ് ഗവര്‍ണര്‍ യാച്ചെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു.യുക്രൈനില്‍ നിന്നും 117 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യന്‍ സൈന്യവും അറിയിച്ചു.റഷ്യയ്ക്ക് റഷ്യന്‍ ജനതയ്ക്കും എതിരെ യുക്രൈന്‍ ഇപ്പോള്‍ നടപ്പാക്കുന്നത് കുറ്റകൃത്യം ആണെന്നും തിരിച്ചടി നല്‍കും എന്നും പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പ്രതികരിച്ചു.
2022-ല്‍ യുക്രൈനില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ റഷ്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഓഗസ്റ്റ് ആറിന് പുലര്‍ച്ചെയാണ് ആയിരത്തോളം സൈനികര്‍ ടാങ്കുകളും കവചിത വാഹനങ്ങളുമായി റഷ്യന്‍ അതിര്‍ത്തി കടന്ന് മുന്നേറ്റം ആരംഭിച്ചത്.