അബുദബി: യുഎഇയിലെ ഇടപാടുകള്‍ രൂപയിലും ദിര്‍ഹത്തിലുമായി നടത്താന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇടപാടുകള്‍ക്ക് ഡോളര്‍ ഇടനില കുറയ്ക്കണം എന്നാണ് നിര്‍ദ്ദേശം. യുഎഇയുമായുള്ള വ്യാപാര-വാണിജ്യ ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ യുഎഇ സന്ദര്‍ശനങ്ങളില്‍ ഇന്ത്യ-യുഎഇ ഇടപാടുകള്‍ രൂപയിലും ദിര്‍ഹത്തിലും നടത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ യുഎഇയില്‍ നിന്നും അസംസ്‌കൃത എണ്ണയും സ്വര്‍ണ്ണവും എല്ലാം ഇന്ത്യ രൂപ നല്‍കി ഇറക്കുമതി ചെയ്ത് തുടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് യുഎഇയുമായുള്ള ഇടപാടുകളില്‍ ഒരു ഭാഗമെങ്കിലും രൂപയിലും ദിര്‍ഹത്തിലും നടത്തണം എന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ ബാങ്ക് സ്രോതസുകളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡോളര്‍ ഒഴിവാക്കി രൂപയിലും ദിര്‍ഹത്തിലും നേരിട്ട് ഇടപാടുകള്‍ നല്‍കണം എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത്തരം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ക്ക് പ്രത്യേക ടാര്‍ഗറ്റ് ഒന്നും റിസര്‍വ് ബാങ്ക് നിശ്ചയിച്ച് നല്‍കിയിട്ടില്ല. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത് വ്യാപാര പങ്കാളിയാണ് യുഎഇ. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 83 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം. യുഎഇയ്ക്ക് സമാനമായി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തുന്നതിന് റഷ്യയുമായി ഇന്ത്യന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്നും എണ്ണവാങ്ങിയത് ഡോളറിന് പകരം ദിര്‍ഹം നല്‍കിയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.