അബുദബി: യുഎഇയില്‍ കേസുകളുടെ ഭാഗമായി ചുമത്തപ്പെടുന്ന യാത്രാവിലക്ക് അത് തീര്‍പ്പാകുമ്പോള്‍ സ്വാഭാവികമായി തന്നെ നീക്കപ്പെടും എന്ന് നീതിമന്ത്രാലയം. ഇനി മുതല്‍ യാത്രാനിരോധനം നീക്കുന്നതിന് പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. യുഎഇ സര്‍ക്കാരിന്റെ സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായിട്ടാണ് തീരുമാനം. യുഎഇയില്‍ കേസുകളില്‍പ്പെടുന്നവര്‍ക്ക് ചുമത്തപ്പെടുന്ന യാത്രാനിരോധനം നീക്കുന്നതിന് കേസ് തീര്‍പ്പായതിന് ശേഷം പ്രത്യേക അപേക്ഷ സമര്‍പ്പിക്കണമായിരുന്നു. ബന്ധപ്പെട്ട രേഖകള്‍ സഹിതമായിരുന്നു നേരത്തെ യാത്രാവിലക്ക് നീക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ഇനി ഇതിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നാണ് യുഎഇ നീതിമന്ത്രാലയത്തിന്റെ അറിയിപ്പ്. കേസ് തീര്‍പ്പായാല്‍ ഉടന്‍ തന്നെ യാത്രാവിലക്കും സ്വാഭാവികമായി തന്നെ നീങ്ങുന്നതിനുള്ള നടപടി സ്വീകരിക്കും. കേസ് തീര്‍പ്പാവുകയോ പിഴത്തുക അടയ്ക്കുകയോ ചെയ്യുമ്പോള്‍ തന്നെ യാത്രാവിലക്കും ഒഴിവാകുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം ആണ് നടപ്പാക്കിയിരിക്കുന്നത്. യാത്രാവിലക്ക് നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ എണ്ണം ഒന്‍പതില്‍ നിന്നും പൂജ്യമായി കുറഞ്ഞതായും മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ആദ്യം യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടിക്രമങ്ങള്‍ ഒഴിവാക്കിയതെന്നും മന്ത്രാലം അറിയിച്ചു.