ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളുമായി അമേരിക്കയും ഖത്തറും ഈജിപ്തും. ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും പശ്ചിമേഷ്യയില്‍ എത്തി. ഈ ആഴ്ച്ച തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ കഴിയും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ.ഒക്ടോബര്‍ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് ഒന്‍പതാം തവണയാണ് ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇസ്രയേലില്‍ എത്തിയ ബ്ലിങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി.
ഇത് ഒരു നിര്‍ണ്ണായക ഘട്ടമാണെന്നും ഒരുപക്ഷെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള അവസാന അവസരമായിരിക്കും എന്നും ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. വെടിനിര്‍ത്തലിലേക്ക് എത്തുന്നതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവില്‍ ബ്ലിങ്കന്‍ കുടൂതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച്ച അവസാനത്തോട് കൂടി ആറാഴ്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെയ്ക്കുന്നതിന് സാധിക്കും എന്നും അമേരിക്ക കണക്കുകൂട്ടുന്നുണ്ട്. പക്ഷെ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു കൂടുതല്‍ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുകയാണെന്നും ഹമാസ് ആരോപിച്ചു.
ദോഹ കേന്ദ്രീകരിച്ച് രണ്ട് ദിവസം നടന്ന ചര്‍ച്ചകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മധ്യസ്ഥര്‍ ഹമാസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പ്രതിഫലിക്കുന്നത് നെതന്യാഹുവിന്റെ മുന്‍നിലപാടുകള്‍ തന്നെയാണെന്നാണ് ഹമാസ് പ്രതികരിക്കുന്നത്. ജുലൈയില്‍ ചര്‍ച്ച ചെയ്ത നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനോട് തങ്ങള്‍ക്ക് പൂര്‍ണ്ണ യോജിപ്പാണെന്നും ഹമാസ് വ്യക്തമാക്കി.