അബുദബിയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച് ബസ് ടിക്കറ്റ് എടുക്കാം. പ്ലാസ്റ്റിക് റീസൈക്ലിംഗ് റിവാര്‍ഡ് വഴി ഇതിന് അവസരമൊരുക്കുകയാണ് അബുദബി മൊബിലിറ്റി. ഹാഫിലാത്ത് കാര്‍ഡുമായി ബന്ധിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ പോയിന്റുകള്‍ ലഭിക്കുന്ന തരത്തിലാണ് അബുദബി മൊബിലിറ്റിയുടെ പുതിയ സംരംഭം. പ്രധാന ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന റീസൈക്ലിംഗ് യൂണിറ്റുകളില്‍ കുപ്പികള്‍ നിക്ഷേപിക്കാം. ഈ കുപ്പികള്‍ റീ സൈക്കിള്‍ ചെയ്യുന്നതിനു പകരം നിക്ഷേപിക്കുന്നവര്‍ക്ക് പോയിന്റുകള്‍ ലഭിക്കും.
അറുനൂറ് മില്ലി ബോട്ടിലിന് ഒരു പോയിന്റും വലിയ കുപ്പികള്‍ക്ക് രണ്ട് പോയിന്റുമാണ് നല്‍കുന്നത്. സൈക്കിള്‍ഡ് റിവാര്‍ഡ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പോയിന്റുകള്‍ സ്വന്തമാക്കാം. പത്ത് പോയിന്റുകള്‍ ലഭിച്ചാല്‍ അത് ഒരു ദിര്‍ഹമായി ഹാഫിലാത്ത് കാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനം.
യുഎഇയില്‍ സ്മാര്‍ട്ട് റീസൈക്ലിംഗ് സ്റ്റേഷനുകളും റിവേഴ്‌സ് വെന്‍ഡിംഗ് മെഷീനുകളും നിര്‍മ്മിക്കുന്ന കമ്പനിയായ സൈക്കിള്‍ഡ് ടെക്‌നോളജീസും അബുദബി പരിസ്ഥിതി ഏജന്‍സിയുമായി സഹകരിച്ചാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. അല്‍ഐനിലും, അല്‍ദഫ്രയിലും രണ്ട് റീസൈക്ലിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും അബുദബി മൊബിലിറ്റി അറിയിച്ചു. ഉപയോഗത്തിനു ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൃത്യമായി സംസ്‌കരിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമാണ് പുതിയ പദ്ധതി.