കടലില്‍ കൃത്രിമകൂടുകളില്‍ മത്സ്യകൃഷി ആരംഭിച്ച് അബുദബി പരിസ്ഥിതി ഏജന്‍സി. പ്രതിവര്‍ഷം നൂറ് ടണ്‍ പ്രദേശിക മത്സ്യങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സീ കേജ് പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ദെല്‍മ ഐലന്റിനോട് ചേര്‍ന്നാണ് കടലില്‍ കൂടുതല്‍ സ്ഥാപിച്ചത്.
പ്രാദേശിക മത്സ്യലഭ്യത വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് അബുദബി പരിസ്ഥിതി ഏജന്‍സി സീകേജ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നിമിത്തം മത്സ്യലഭ്യതയിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനാണ് കൃത്രിമ കൂടുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ ഇട്ട് വളര്‍ത്തുന്നത്. കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ കൂടുകളില്‍ മത്സ്യങ്ങളെ വളര്‍ത്തുന്നതാണ് രീതി. ആദ്യ ഘട്ടത്തില്‍ ആറ് കൂടുകളിലായി നൂറ് ടണ്‍ മത്സ്യം ഉത്പാദിപ്പിക്കുന്നതിനാണ് ശ്രമം. ആവശ്യക്കാര്‍ ഏറെയുള്ള പ്രാദേശിക മത്സ്യഇനങ്ങളായ ഷേരി, സാഫി , ഗബിറ്റ്, ഷാം എന്നിവയെ ആണ് സീ കേജിനുള്ളില്‍ പരിപാലിക്കുന്നത്. പ്രദേശിക മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സമുദ്രപഠനത്തിനും പദ്ധതിയപ്രയോജനം ചെയ്യുമെന്നാണ് കണ്ടെത്തല്‍.
നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് മത്സ്യപരിപാലനം. കടലിനടിയിലും സീ കേജിനു മുകളിലുമായി ക്യാമറ ഉപയോഗിച്ച് സദാസമയം നിരീക്ഷണം നടത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വെള്ളത്തിന്റെ പിഎച്ച്, ഒക്‌സിജന്റെ അളവ്, താപനില എന്നിവ നിരീക്ഷിക്കും. പരിസ്ഥിതിയെ ബാധിക്കാത്ത തരത്തില്‍ അക്വകള്‍ച്ചര്‍ മത്സ്യകൃഷി രീതി കൂടുതല്‍ മേഖലകളില്‍ കൂടി വ്യാപിപ്പിക്കുമെന്നും പരിസ്ഥിതി ഏജന്‍സി അറിയിച്ചു.