യുഎഇ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ജോലി വാഗ്ദാനവുമായി പ്രമുഖ കമ്പനികള്‍. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പതിനഞ്ച് കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ദുബൈ ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.വിവിധ മേഖലകളില്‍ വൈദഗദ്ധ്യമുള്ളവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി യുഎഇയില്‍ തന്നെ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സൗകര്യം ആണ് ഒരുങ്ങിയിരിക്കുന്നത്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന താമസനിയമലംഘകര്‍ക്ക് എതിരെ വീസവിലക്ക് പോലുള്ള നടപടികള്‍ ഇത്തവണ ഇല്ലെന്ന് യുഎഇ ഐസിപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.യുഎഇയില്‍ തുടരാന്‍ താത്പര്യപ്പെടുന്ന താമസനിയമലംഘകര്‍ക്ക് പിഴകൂടാതെ രേഖകള്‍ നിയമപരമാക്കി രാജ്യത്ത് പുതിയൊരു ജോലിയില്‍ പ്രവേശിക്കുന്നതിനുളള അവസരം ആണ് ഒരുങ്ങിയിരിക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പുതുജീവിതം ആരംഭിക്കുന്നതിന് സര്‍ക്കാരിന് ഒപ്പം കൈകോര്‍ക്കുകയാണ് രാജ്യത്തെ സ്വകാര്യമേഖലയും.പതിനഞ്ച് കമ്പനികള്‍ ആണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്.
ട്രാന്‍സ്ഗാര്‍ഡ്, ശോഭഗ്രൂപ്പ്,ട്രോജന്‍ തുടങ്ങിയ പ്രമുഖ കമ്പനികളാണ് നൂറുകണക്കിന് തൊഴിലവസരങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ട്രാന്‍സ്ഗാര്‍ഡ് അടക്കമുള്ള കമ്പനികള്‍ ദുബൈ ജിഡിആര്‍എഫ്എയുടെ അവീറിലെ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടറുകളും തുറന്നിട്ടുണ്ട്.പൊതുമാപ്പ് നേടിയവര്‍ക്ക് ഈ കമ്പനികളുടെ കൗണ്ടറുകളില്‍ എത്തി തൊഴില്‍തേടാം. ഇന്നലെയും ഇന്നുമായി നിരവധി പേര്‍ക്ക് ഇത്തരത്തില്‍ നിയമനം ലഭിച്ചുകഴിഞ്ഞു. പൊതുമാപ്പിനായി എത്തുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും അടക്കമുള്ള സൗകര്യങ്ങളും ജിഡിആര്‍എഫ്എ അവീറില്‍ ഒരുക്കിയിട്ടുണ്ട്.ബയോമെട്രിക് വിവരങ്ങള്‍ നേരത്തെ നല്‍കിയിട്ടുള്ള മുന്‍താമസവീസക്കാര്‍ ആണെങ്കില്‍ ദുബൈയില്‍ അമര്‍ സെന്ററുകളിലും പൊതുമാപ്പിനായി അപേക്ഷ നല്‍കാം. എണ്‍പത്തിയാറ് അമര്‍ സെന്ററുകള്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജിഡിആര്‍എഫ്എ അറിയിച്ചു.