പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രത്യേകസംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു.അന്‍വറിന്റെ മൊഴിയും രേഖപ്പെടുത്തും.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരായ പരാതികളില്‍ പാര്‍ട്ടി തലത്തിലും അന്വേഷണം നടക്കും
എഡിജിപി എംആര്‍എജിത് കുമാര്‍ ,മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് എന്നിവര്‍ക്ക് എതിരായ പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ ആണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊലപാതകം, ഫോണ്‍ചോര്‍ത്തല്‍,സ്വര്‍ണ്ണക്കള്ളക്കടത്ത് തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ആണ് എഡിജിപി എംആര്‍ അജിത് കുമാറിന് എതിരെ പി.വി അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്.
അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആണ് പ്രത്യേക സംഘം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ വിവരശേഖരണം ആണ് പ്രത്യേക അന്വേഷണസംഘം നടത്തുന്നത്. അടുത്തഘട്ടത്തില്‍ പി.വി അന്‍വറില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണത്തിന് ഒപ്പം പി.ശശിക്ക് എതിരായ ആരോപണങ്ങളില്‍ സിപിഐഎമ്മും പാര്‍ട്ടിതല അന്വേഷണം നടത്തും.എല്ലാ വിഷയങ്ങളും അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ നടപടിയുണ്ടാകും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സെക്രട്ടറി എംവി ഗോവിന്ദന്‍ പി.വി അന്‍വര്‍ നല്‍കി പരാതി അവതരിപ്പിക്കും എന്നാണ് വിവരം.ആരോപണങ്ങളില്‍ ഏത് തരത്തിലുള്ള പരിശോധന വേണ എന്ന് യോഗം ചര്‍ച്ച ചെയ്യും. അന്തിതീരുമാനം സംസ്ഥാന കമ്മിറ്റി യോഗം ആയിരിക്കും സ്വീകരിക്കുക.