ദില്ലി രാജ്ഘട്ടില്‍ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായി രാജ്ഘട്ടില്‍ അബുദബി കിരീടവകാശി വൃക്ഷത്തൈയും നട്ടു.രാജ്ഘട്ടിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് നിന്നുള്ള മൂന്ന് തലമുറയില്‍പ്പെട്ട നേതാക്കള്‍ വൃക്ഷത്തൈ നടുന്നത്.
രാജ്ഘട്ടില്‍ ഗാന്ധി സമാധിയില്‍ എത്തിയ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരു മിനുട്ട് മൗനമാചരിച്ചതിന് ശേഷം ആണ് പുഷ്പാര്‍ച്ചന നടത്തിയത്. തുടര്‍ന്ന് രാജ്ഘട്ടിലെ സന്ദര്‍ശക രജിസ്ട്രറിലും അബുദബി കിരീടവകാശി ഒപ്പുവെച്ചു.സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാത്മാഗാന്ധി തന്റെ ജനതയുടെയും ലോകജനതയുടെയും ഹൃദയങ്ങളില്‍ എന്നും അനശ്വരനായിരിക്കും എന്നാണ് ഷെയ്ഖ് ഖാലിദ് സന്ദര്‍ശക രജിസ്ട്രറില്‍ കുറിച്ചത്.ഇന്ത്യയുടെ യുഎഇയും തമ്മിലുള്ള ആഴ്ത്തില്‍ വേരൂന്നിയ ബന്ധത്തിന്റെ പ്രതീകമായി രാജ്ഘട്ടില്‍ ഒരു വൃക്ഷത്തൈയും അബുദബി കിരീടവകാശി നട്ടു.വളര്‍ന്ന് പടര്‍ന്ന് മഞ്ഞ പൂക്കള്‍ വിരിയുന്ന കൊന്നമരത്തിന്റെ തൈയാണ് ഷെയ്ഖ് ഖാലിദ് രാജ്ഘട്ടില്‍ നട്ടത്.
1975-ല്‍ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താനും 2016-ല്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ബിന്‍ സായിദ് അല്‍ നഹ്യാനും രാജ്ഘട്ട് സന്ദര്‍ശന വേളയില്‍ മരങ്ങള്‍ നട്ടിരുന്നു.ഷെയ്ഖ് സായിദ് നട്ട തൈ ഇന്ന് വലിയ മരമായി വളര്‍ന്നുകഴിഞ്ഞു. ഇലഞ്ഞിമരത്തിന്റെ തൈയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് രാജ്ഘട്ടില്‍ നട്ടത്.ഇരുവരും നടന്ന മരങ്ങള്‍ക്ക് ചുവട്ടിലും ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജലം പകര്‍ന്ന് നല്‍കി.