ഗാസയില്‍ വീണ്ടും അഭയാര്‍ത്ഥി കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ആക്രമണം. തെക്കന്‍ ഗാസയിലെ ടെന്റ് ക്യാമ്പിന് നേരെ നടന്ന ആക്രമണങ്ങളില്‍ നാല്‍പ്പതിലധികം പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തെക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിന് സമീപം അല്‍ മവാസിയില്‍ ആണ് അഭയാര്‍ത്ഥികള്‍ കൂടാതെ കെട്ടി താമസിക്കുന്ന സ്ഥലത്ത് ഇസ്രയേല്‍ ആക്രമണം നടത്തിയത്.ഗാസയില്‍ നിന്നും പലായനം ചെയ്യുന്നവര്‍ക്കായി ഇസ്രയേല്‍ തന്നെ മാനുഷിക മേഖലയായി തിരിച്ചിട്ടിരുന്ന പ്രദേശത്താണ് ആക്രമണം നടന്നത്.
നാല് മിസൈലുകള്‍ ആണ് പതിച്ചത്. ആക്രമണത്തില്‍ നാല്‍പ്പത്തിലധികം പേര്‍ മരിച്ചിട്ടുണ്ടെന്ന് ഗാസ ആരോഗ്യവകുപ്പ് അറിയിച്ചു. അറുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതാവുകയും ചെയ്തു. ഇരുപത് കൂടാരങ്ങള്‍ ആക്രമണത്തില്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായി. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികള്‍ ആണ് ആണ് ഇവിടെ കൂടാരങ്ങളില്‍ താമസിച്ചിരുന്നത്.
ഇസ്രയേല്‍ മാറ്റിപ്പാര്‍പ്പിച്ചവരെ ഇസ്രയേല്‍ സൈന്യം തന്നെ കൂട്ടക്കൊല ചെയ്തിരിക്കുകയാണെന്നാണ് ഹമാസ് ആരോപിക്കുന്നത്. എന്നാല്‍ ഹമാസിന്റെ ഒരു ബേസ് ക്യാമ്പ് ആണ് ആക്രമണിച്ചത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.