എഡിജിപി എം.ആര്‍ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ കൂടുതല്‍ ആരോപണങ്ങളുമായി പി.വി അന്‍വര്‍ എം.എല്‍.എ…..ആര്‍.എസ്.എസ്-എഡിജിപി ചര്‍ച്ച സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കാണാതെ പൂഴ്ത്തിയെന്നാണ് ആരോപണം. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് പൊലീസിലെ ആര്‍എസ്എസ് സംഘം അട്ടിമറിച്ചെന്നും അന്‍വര്‍ ആരോപിച്ചു.
ആര്‍എസ്എസ് നേതാക്കളുമായി അജിത്കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിയിട്ടില്ലെന്നാണ് പിവി അന്‍വര്‍ പറയുന്നത്. അജിത്കുമാറും പി ശശിയും ചേര്‍ന്ന് റിപ്പോര്‍ട്ട് പൂഴ്ത്തി . ആര്‍എസ്എസ് നേതാവുമായി എഡിജിപി എംആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ആ സമയത്ത് തന്നെ നല്‍കിയിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് മുഖ്യമന്ത്രിയെ ചതിക്കുകയായിരുന്നുവെന്ന് പിവി അന്‍വര്‍ ആരോപിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി പിന്നീട് ആ വിവരം അറിയുന്നത്.
വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു. വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കുന്നതാണ് മുഖ്യമന്ത്രിയുടെ രീതി. പൊലീസിലെ ആര്‍എസ്എസ് സംഘം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസ് പൊലീസിലെ ആര്‍എസ്എസ് സംഘം ആണ് വഴിതിരിച്ചുവിട്ടത്. കേസ് അന്വേഷണം വഴിതെറ്റിച്ച ഡിവൈഎസ്പി രാജേഷ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ബൂത്ത് ഏജന്റ് ആയിരുന്നുവെന്നും പി.വി അന്‍വര്‍ പറഞ്ഞു.