ഒമാനിലെ വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഈ മാസം പതിനഞ്ചിന് തുറക്കും. കൃഷിയാവശ്യം മുന്‍നിര്‍ത്തിയാണ് അണക്കെട്ടില്‍ നിന്നും ജലം തുറന്ന് വിടുന്നത്. പൊതുജനങ്ങള്‍ വാദിയില്‍ നിന്നും മാറിനില്‍ക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
മസ്‌ക്കത്ത് ഗവര്‍ണറേറ്റില്‍ സ്ഥിതി ചെയ്യുന്ന വാദി ദൈഖ അണക്കെട്ട് തുറന്ന് പതിനഞ്ച് ദശലക്ഷം മെട്രിക് ക്യൂബ് ജലം പുറത്തേക്ക് ഒഴുക്കുന്നതിന് ആണ് തീരുമാനം.
എഴുപത്തിയഞ്ച് മീറ്റര്‍ ഉയരമുള്ള അണക്കെട്ടിന് നൂറ് ദശലക്ഷം മെട്രിക് ക്യൂബ് ജലം സംഭരിക്കുന്നതിനാണ് ശേഷിയുള്ളത്. ഭൂഗര്‍ഭജലം വര്‍ദ്ധിപ്പിക്കുന്നതിനും ദഘമര്‍ ഹെയില്‍ അല്‍ ഖാഫ് തുടങ്ങിയ മേഖലകളിലെ കൃഷിഭൂമികളില്‍ ജലം എത്തിക്കുന്നതിനുമായിട്ടാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതെന്ന് ഒമാന്‍ കാര്‍ഷിക ജലസേചന മന്ത്രാലയം അറിയിച്ചു. സമീപത്തുള്ള മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന വാദികളില്‍ നിന്നുള്ള ജലം ആണ് വൈദി ദൈഖ അണക്കെട്ടില്‍ ശേഖരിച്ചിരിക്കുന്നത്.120 വാദികള്‍ ആണ് മേഖലയില്‍ ഉള്ളത്. ജലസേചനത്തിന് ഒപ്പം മേഖലയില്‍ പെട്ടെന്ന് ഉണ്ടാകുന്ന മലവെള്ളപ്പാച്ചില്‍ ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണ് അണക്കെട്ട് നിര്‍മ്മിച്ചത്.
മസ്‌ക്കത്തില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വാദി ദൈഖ അണക്കെട്ടും പരിസര പ്രദേശങ്ങളും ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുമാണ്. 2012-ല്‍ ആണ് അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എല്ലാ വര്‍ഷവും ഈ സമയം അണക്കെട്ട് തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത് പതിവാണ്.