ബംഗളൂരുവിൽ ടെക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളും അറസ്റ്റിൽ. രാവിലെയാണ് ഇവർ പോലീസ് പിടിയിലായത്. മുഖ്യപ്രതിയായ ശബരീഷ് എന്ന ഫെലിക്‌സ് കൃത്യം നടത്തിയതിന് പിന്നാലെ കൊലപാതകം സംബന്ധിച്ച വാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചൊവ്വാഴ്ച വൈകിട്ട് രണ്ടുപേരെ വെട്ടിക്കൊന്നശേഷം നഗരത്തില്‍ കടന്നുകളഞ്ഞ ഇയാള്‍ രാത്രിയോടെയാണ് തന്റെ ചിത്രം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച കൊലപാതകവാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ‘ഈ ലോകത്തെ മനുഷ്യരെല്ലാം മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതുകൊണ്ട് ചീത്ത മനുഷ്യരെ മാത്രമേ വേദനിപ്പിക്കുകയുള്ളൂ. നല്ല മനുഷ്യരെ ഞാന്‍ ഒരിക്കലും വേദനിപ്പിക്കില്ല’, എന്നായിരുന്നു കൊലപാതകം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇയാൾ പോസ്റ്റ് ചെയ്ത മറ്റൊരു സ്റ്റോറി. വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഫെലിക്സ് ഉൾപ്പടെ മൂന്ന് പേർ അടങ്ങിയ സംഘം ഓഫീസിൽ അതിക്രമിച്ചു കയറി കൊലപാതകം നടത്തുകയായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാർട്ട് അപ്പ് തുടങ്ങിയിരുന്നു. മുൻ കമ്പനി തന്റെ സ്റ്റാർട്ട്അപ്പിന് ഭീഷണി ആണെന്ന് ഫെലിക്സ് കരുതി. ഇതിന്റെ പകയും ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പൊലീസ് നിഗമനം.