ഔദ്യോഗിക യു.എസ് സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് വാഷിങ്ടണ്ണില്‍ എത്തും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നിര്‍ണ്ണായക ചര്‍ച്ച നടത്തും. ഗാസ യുദ്ധം അടക്കം യുഎഇ പ്രസിഡന്റിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും
യുഎഇ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ടാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിങ്കളാഴ്ച വാഷിങ്ടണ്ണില്‍ എത്തുന്നത്.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച്ചയില്‍ യുഎഇയും-യുഎസും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. വാണിജ്യം,നിക്ഷേപം,ശാസ്ത്രസാങ്കേതികം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശം,പുനരുപയോഗ ഊര്‍ജ്ജ തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതും ചര്‍ച്ചയാകും.
ഗാസ യുദ്ധവും സുഡാന്‍ പ്രതിസന്ധിയും യുഎഇ-യുഎസ് നേതാക്കളുടെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തും. ബൈഡനും കമലയും ഷെയ്ഖ് മുഹമ്മദുമായി ഗാസ വിഷയം ചര്‍ച്ച ചെയ്യും എന്ന് വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.