യുഎഇയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന താമസനിയമലംഘകര്‍ക്ക് അനുവദിക്കുന്ന എക്‌സിറ്റ് പാസിന്റെ കാലാവധി നീട്ടി. ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെയാണ് എക്‌സിറ്റ് പാസിന് കാലാവധി ലഭിക്കുക.പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന താമസനിയമലംഘകര്‍ക്ക് അനുവദിക്കുന്ന എക്‌സിറ്റ് പാസിന്റെ കാലാവധിയാണ് ഐസിപി നീട്ടിയത്. എക്‌സിറ്റ് പാസ് അനുവദിച്ച് പതിനാല് ദിവസത്തിനുള്ളില്‍ രാജ്യം വിടണം എന്നതായിരുന്നു നേരത്തെയുളള നിബന്ധന. എന്നാല്‍ ഇനി മുതല്‍ എക്‌സിറ്റ് പാസ് ലഭിക്കുന്നവര്‍ക്ക് പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബര്‍ മുപ്പത്തിയൊന്നിന് മുന്‍പ് രാജ്യത്ത് നിന്നും പുറത്ത് കടന്നാല്‍ മതിയാകും.
താമസനിയമലംഘകര്‍ക്ക് മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനാണ് പുതിയ തീരുമാനം എന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.എന്നാല്‍ കാലാവധിക്ക് ശേഷവും രാജ്യത്ത് നിന്നും പുറത്ത് കടക്കുന്നില്ലെങ്കില്‍ എക്‌സിറ്റ് പാസ് അസാധുവാകും. മാത്രമല്ല റദ്ദാക്കപ്പെട്ട താമസനിയമലംഘന പിഴകള്‍ പുനസ്ഥാപിക്കപ്പെടുകയും
ചെയ്യും.യുഎഇയില്‍ സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പൊതുമാപ്പ് പതിനായിരങ്ങളാണ് പ്രയോജനപ്പെടുത്തിയത്. രേഖകള്‍ ക്രമപ്പെടുത്തി രാജ്യത്ത് തന്നെ പുതിയ ജോലികളില്‍ പ്രവേശിക്കുന്നതിന് ആണ് ഭുരിഭാഗം പേരുടെയും ശ്രമം.