ഇസ്രയേല്‍ രഹസ്യാന്വേഷണം ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനം
ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുത്ത് ലബനന്‍ സായുധ സംഘടനയായ ഹിസ്ബുള്ള. ഹിസ്ബുള്ളയുടെ ആക്രമണശ്രമം പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണം 569-ആയി ഉയര്‍ന്നു.
ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍അവീവിലെ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തിയത്. ആദ്യമായിട്ടാണ് ഒരു ഹിസ്ബുള്ള മിസൈല്‍ ടെല്‍അവീവില്‍ എത്തുന്നത്.ലബനനില്‍ നിന്നും എത്തിയ മിസൈല്‍ ഇസ്രയേലിന്റെ പ്രതിരോധ സംവധാനം തകര്‍ത്തു.ടെല്‍അവിവിലേക്ക് എത്തിയ മിസൈല്‍ തകര്‍ക്കപ്പെട്ടുവെങ്കിലും ഹിസ്ബുള്ള ഇസ്രയേലിന് നല്‍കുന്ന സന്ദേശം തങ്ങള്‍ക്ക് ഇനിയും ആക്രമണശേഷിയുണ്ടെന്നാണ്.
പേജര്‍-വോക്കി ടോക്കി സ്‌ഫോടനവും ഇസ്രയേല്‍ വ്യോമാക്രമണങ്ങളും അടക്കം വന്‍ തിരിച്ചടിയാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ ഹിസ്ബുള്ളയ്ക്ക് നേരിടേണ്ടിവന്നത്.ഇതിന് ശേഷവും ഇസ്രയേല്‍ ലക്ഷ്യമിട്ട് ശക്തമായ ആക്രമങ്ങള്‍ക്ക് ഹിസ്ബുള്ളയ്ക്ക് കഴിയുന്നുണ്ട്.ഇന്നും നിരവധി തവണ ഹിസ്ബുള്ള റോക്കറ്റുകള്‍ ലബനന്‍ അതിര്‍ത്തി കടന്ന് ഇസ്രയേലില്‍ പ്രവേശിച്ചു.ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഒപ്പം ചെറിയ റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള ഇസ്രയേലിലേക്ക് അയക്കുന്നുണ്ട്.അതെസമയം ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ വര്‍ദ്ധിക്കുകയാണ്. അന്‍പത് കുട്ടികള്‍ അടക്കം 569-ആയി മരണസംഖ്യ വര്‍ദ്ധിച്ചു.തിങ്കളാഴ്ചയ്ക്ക് ശേഷം മാത്രം ആയിരത്തിലധികം വ്യോമാക്രമണങ്ങള്‍ ആണ് ഇസ്രയേല്‍ സൈന്യം ലബനനില്‍ നടത്തിയത്.
ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ അപലപിച്ച് ഈജിപ്ത് ഇറാഖ് ജോര്‍ദ്ദാന്‍ എന്നി രാജ്യങ്ങള്‍ രംഗത്ത് എത്തി.യുദ്ധം ഗാസയ്ക്ക് പുറത്ത് മേഖലയില്‍ ആകെ വ്യാപിപ്പിക്കുന്നതിന് ആണ് ഇസ്രയേല്‍ ശ്രമം എന്ന് മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ആരോപിച്ചു.