ഇസ്രയേല്‍ സൈനിക കേന്ദ്രത്തില്‍ ഹിസ്ബുള്ള നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു.അറുപത് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.ഇസ്രയേലിന് അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
വടക്കന്‍ ഇസ്രയേലില്‍ ബിന്യാമിന സൈനിക താവളത്തിലാണ് ഹിസ്ബുള്ളയുടെ ഡ്രോണ്‍ പതിച്ചത്.കൊല്ലപ്പെട്ട നാലു പേരും സൈനികരാണ്. പരുക്കേറ്റ അറുപതോളം പേരില്‍ ഏഴ് സൈനികരുടെ നില ഗുരുതരമാണെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. രണ്ട് ഡ്രോണുകള്‍ ആണ് സൈനിക ക്യാമ്പിന് നേരെ എത്തിയത്. ഇതിലൊന്ന് ഇസ്രയേല്‍ സൈന്യം വെടിവെച്ചിട്ടു.പക്ഷെ രണ്ടാമത്തെ ഡ്രോണ്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ ഏറ്റവും ശക്തമായ ആക്രമണം ആണ് ഇത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. തെക്കന്‍ ലബനനിലും ബെയ്‌റൂത്തിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സൈനിക താവളത്തിലെ ആക്രമണം എന്ന് ഹിസ്ബുള്ള അറിയിച്ചു.ലബനനില്‍ വിവിധ ഭാഗങ്ങളിലായി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ അന്‍പത്തിയൊന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
തെക്കന്‍ ലബനനില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ക്യാമ്പ് ഒഴിഞ്ഞുപോകണം എന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രയേലിന്റെ ഈ ആവശ്യം അംഗീകരിക്കുന്നതിന് യു.എന്‍ സമാധാന സേന തയ്യാറായിട്ടില്ല. യുഎന്‍ സമാധാന സേന ഹിസ്ബുള്ളയ്ക്ക് കവചം ഒരുക്കുകയാണെന്ന് ബെന്യമിന്‍ നെതന്യാഹു ആരോപിച്ചു. യുഎന്‍ സമാധാനസേനയില്‍ അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം അംഗങ്ങള്‍ ആണ് ഉള്ളത്.