യുഎഇയില്‍ വീസ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതില്‍ പുതിയ നയം പുറപ്പെടുവിച്ച് ഫെഡറല്‍ അതോരിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി. കുടുംബനാഥന്‍ വീസ നിയമം ലംഘിച്ചാല്‍ ജോലിയുള്ള ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം. നിയമലംഘകര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ഐസിപി അറിയിച്ചു.
കുടുംബനാഥന്‍ യുഎഇ വീസ നിയമം ലംഘനം നടത്തിയാല്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്‌പോണ്‍സര്‍ഷിപ് മാറ്റാന്‍ അനുമതി നല്‍കിയതായി ഐസിപി അറിയിച്ചു. പൊതുമാപ്പ് തീരാന്‍ രണ്ടാഴ്ച ശേഷിക്കെയാണ് സുപ്രധാന വീസാ നിയമഭേദഗതി ഐസിപി പ്രഖ്യാപിച്ചത്. വിവിധ നിയമലംഘനങ്ങളില്‍പെട്ട് വീസ പുതുക്കാന്‍ സാധിക്കാതെ യുഎഇയില്‍ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാന്‍ പുതിയ നിയമഭേദഗതിയിലൂടെ സാധിക്കും. നിയമലംഘകരായ കുടുംബാംഗങ്ങള്‍ എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും സൗകര്യമൊരുക്കും. പൊതുമാപ്പ് കാലയളവില്‍ രേഖകള്‍ ശരിയാക്കി പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അവസരമുണ്ട്.
കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിലവിലെ കമ്പനിയില്‍ തുടരുകയോ മറ്റൊരു വീസയിലേക്കു മാറുകയോ ചെയ്യുകയാണെങ്കില്‍ കുടുംബാംഗങ്ങളുടെ വീസ റദ്ദാക്കില്ല. എന്നാല്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും പൊതുമാപ്പ് തിയതി നീട്ടില്ലെന്നും ഐസിപി വ്യക്തമാക്കി.