യുഎഇയില്‍ ഒന്‍പത് ജലസംഭരണികള്‍ കൂടി നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി. ജലശേഖരം വര്‍ദ്ധിപ്പിക്കുകയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുകയും ആണ് പുതിയ അണക്കെട്ടുകളുടെ ലക്ഷ്യം.രാജ്യത്ത് വിവിധ ഭാഗങ്ങളിലായി താമസമേഖലകളോട് അനുബന്ധിച്ച് പുതിയ അണക്കെട്ടുകളും കനാലുകളും നിര്‍മ്മിക്കുന്നതിന് ആണ് പദ്ധതി.പതിമൂന്ന് താമസകേന്ദ്രങ്ങളോട് ചേര്‍ന്നാണ് ജലസംഭരണികള്‍ നിര്‍മ്മിക്കുന്നത്. ഒന്‍പത് അണക്കെട്ടുകളും ഒന്‍പത് വാട്ടര്‍ കനാലുകളും ആണ് നിര്‍മ്മിക്കുന്നത്. നിലവിലുള്ള രണ്ട് അണക്കെട്ടുകള്‍ വികസിപ്പിക്കുകയും ചെയ്യും. പത്തൊന്‍പത് മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ആണ് പദ്ധതി.
പുതിയ അണക്കെട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യുഎഇയുടെ ജലസംഭരണശേഷി എട്ട് ദശലക്ഷം ക്യൂബിക് മീറ്ററായി വര്‍ദ്ധിക്കും.കനത്ത മഴ വിതയ്ക്കുന്ന കെടുതികളും വെള്ളപ്പൊക്കവും തടയുകയാണ് പുതിയ അണക്കെട്ടുകളുടെ പ്രധാന ലക്ഷ്യം.
ഷാര്‍ജയില്‍ ഷീസ്, ഖോര്‍ഫക്കാന്‍ എന്നിവടങ്ങളിലാണ് പുതിയ അണക്കെട്ടുകള്‍ വരിക.അജ്മാനില്‍ മസ്ഫൂത്ത് മേഖലയിലും റാസല്‍അല്‍ഖൈമയില്‍ ഷാം അല്‍ ഫഹലിന്‍ എന്നിവിടങ്ങളിലും ജലസംഭരണികള്‍ നിര്‍മ്മിക്കും.ഫുജൈറയില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ഹിലാല്‍, അല്‍ ഖറായാ, ഖിദ്ഫ, മര്‍ബാഹ് ,ദഡ്‌ന,അല്‍ സെയ്ജി എന്നിവിടങ്ങളിലും അണക്കെട്ടുകള്‍ നിര്‍മ്മിക്കും.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എഴുപത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയും വെള്ളപ്പൊക്കവും ആണ് യുഎഇയില്‍ അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ രാജ്യത്തെ പശ്ചാത്തല സൗകര്യത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കഴിയും വിധത്തില്‍ പശ്ചാത്തല സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ് യുഎഇ ലക്ഷ്യമിടുന്നത്.