യുവനടിയുടെ ബലാത്സംഗ പരാതിയില്‍ സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യം എന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇടക്കാല ജാമ്യം ലഭിച്ച സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സിദ്ദിഖിന് എതിരായ പരാതിയില്‍ അന്വേഷമം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും നിരവധി തെളിവുകള്‍ പ്രതിക്ക് എതിരെ ലഭിച്ചിട്ടുണ്ടെന്നും ആണ് സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് ഇരുപത്തിയൊന്ന് വയസ് മാത്രമായിരുന്നു പ്രായം എന്നും സിദ്ദിഖ് സിനിമ മേഖലയിലെ ശക്തനായിരുന്നുവെന്നും ആണ് പരാതി നല്‍കാര്‍ വൈകിയതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
സുപ്രീംകോടതി ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരി കേസില്‍ നിന്നും പിന്മാറാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.