സൗദി അറേബ്യയില്‍ ഒരാഴ്ച്ചക്കിടയില്‍ മാത്രം വിവിധ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായത് ഇരുപത്തിരണ്ടായിരത്തോളം വിദേശികള്‍. താമസ-തൊഴില്‍ നിയമലംഘകനങ്ങള്‍ക്ക് ആണ് അറസ്റ്റ്. പന്ത്രണ്ടായിരത്തിലധികം വിദേശികളെ കൂടി നാടുകടത്തിയെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ പത്ത് മുതല്‍ പതിനാറ് വരെ രാജ്യത്ത് വിവിധ പ്രവിശ്യകളില്‍ നിന്നും പിടിയിലായ അനധികൃത താമസക്കാരയ വിദേശികളുടെ കണക്കുകള്‍ ആണ് സൗദി അഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. 21971 വിദേശികള്‍ ആണ് ഇക്കാലയളവില്‍ സൗദിയില്‍ പിടിയിലായത്. ഇതില്‍ 13186 പേര്‍ രാജ്യത്ത് അനധികൃതമായി താമസച്ചിരുന്ന വിദേശികള്‍ ആണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തൊഴില്‍നിയമലംഘനത്തിന് 5427 പേരും അതിര്‍ത്തിസുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് 3358 വിദേശികളും അറസ്റ്റിലായി. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 1421 പേരും പിടിയിലായി.
13885 പുരുഷന്‍മാരും 1890 സ്ത്രീകളും അടക്കം 15775 വിദേശികള്‍ രാജ്യത്ത് നിലവില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് നിയമനടപടികള്‍ നേരിടുന്നുണ്ട്. ഇതില്‍ 8370 നിയമലംഘകരെ അതത് രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് കൈമാറി. 12355 വിദേശികളെ കൂടി സൗദി അറേബ്യയില്‍ നിന്നും നാടുകടത്തിയതായും ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവരില്‍ 98 ശതമാനം പേരും യെമന്‍ എത്യോപ്യന്‍ പൗരന്‍മാരാണ്.