ദീപവലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമാക്കാനൊരുങ്ങി ദുബൈ. ഈ മാസം ഇരുപത്തിയഞ്ച് മുതല്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് നടക്കുക. ഗ്ലോബല്‍ വില്ലേജിലും അല്‍ സീഫിലും കരിമരുന്ന് പ്രകടങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട ദിവസങ്ങളാണ് ദുബൈ വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ ദീപാവലിയുടെ ഭാഗമായി ദുബൈ നഗരം ആഘോഷങ്ങളാല്‍ സജീവമാകും. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി കരിമരുന്ന് പ്രദര്‍ശനങ്ങള്‍, വിവിധ കലാപരിപാടികള്‍, സംഗീത പരിപാടികള്‍, ഉള്‍പ്പെടെ നിരവധി ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അല്‍ സീഫ്, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ ജനപ്രിയ ഇടങ്ങളില്‍ കരിമരുന്ന് പ്രകടനങ്ങള്‍ ആകാശത്തെ പ്രകാശ പൂരിതമാക്കും. ഒക്ടോബര്‍ 25,26 തിയതികളില്‍ അല്‍ സീഫില്‍ രാത്രി 9 മണിക്കാണ് ആദ്യ പ്രദര്‍ശനം.
നവംബര്‍ 1,2 തിയതികളില്‍ രാത്രി 9 മണിക്ക് ഗ്ലോബല്‍ വില്ലേജിലും ദീപാവലിയുടെ ഭാഗമായുള്ള കരിമരുന്ന് പ്രദര്‍ശനം നടക്കും. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ ഗ്ലോബല്‍ വില്ലേജില്‍ ഒരു ആഴ്ച നീളുന്ന ദീപാവലി ആഘോഷം ആസ്വദിക്കാം. വര്‍ണ്ണാഭമായ രംഗോലി കലയും നൃത്ത പ്രകടനങ്ങളും കൂടുതല്‍ വര്‍ണാഭമായ വെടിമരുന്ന് പ്രയോഗവും നടത്തും. അല്‍ സീഫില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നൂര്‍ ഫെസ്റ്റിവല്‍ നടത്തും. ദുബൈ എത്തിസലാത്ത് അക്കാദമി, ദുബൈ ബ്രിട്ടീഷ് സ്‌കൂളിലെ ജുമൈറ പാര്‍ക്ക്, ജുമൈറ ലേക്‌സ് ടവര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.