പതാക ദിനവും, ദേശീയ ദിനവും വിപുലമായി ആഘോഷിക്കാന്‍ ക്യാമ്പയിന്‍ ആരംഭിച്ച് ദുബൈ. ഒരു മാസം നീണ്ടു നില്‍ക്കുന്നതാകും ആഘോഷ പരിപാടികള്‍. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാകും പരിപാടികള്‍ സംഘടിപ്പിക്കുക.
നവംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ മൂന്ന് വരെ നീണ്ടു നില്‍ക്കുന്നതാണ് ആഘോഷ പരിപാടികള്‍. യുഎഇയുടെ സ്ഥാപക പിതാക്കന്മാരായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തും എന്നിവര്‍ക്കുള്ള ആദരവായാണ് ആഘോഷം നടത്തുന്നത്. ഡിസംബര്‍ 2,3 തിയതികളില്‍ കരിമരുന്ന് പ്രദര്‍ശനം നടത്തും. ജെബിആര്‍ ബീച്ച്, അല്‍ സീഫ്, ഹത്ത, ദുബൈ ഫെസ്റ്റിവല്‍ സിറ്റി, തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രദര്‍ശനം ഒരുക്കുക. ഹത്തയില്‍ പരമ്പരാഗത നൃത്ത, സംഗീത പരിപാടികളും സംഘടിപ്പിക്കും. ഗ്ലോബല്‍ വില്ലേജില്‍ എല്ലാ ദിവസവും പ്രത്യേക പരിപാടികള്‍ നടത്തും. ബീച്ച് കാന്റീന്‍, റൈപ്പ് മാര്‍ക്കറ്റ്, വിന്റര്‍ വണ്ടര്‍ലാന്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി സീസണല്‍ മാര്‍ക്കറ്റുകള്‍ ആഘോഷങ്ങളുടെ ഭാഗമാകും.
ഡിസംബര്‍ 2 ന് സിറ്റി വാക്കില്‍ യൂണിയന്‍ ഡേ പരേഡ് നടക്കും, എമിറേറ്റിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തെ ഏറ്റഴും വലിയ ഓപ്പണ്‍ ഹെറിറ്റേജ് മ്യൂസിയമായ അല്‍ ഷിന്ദഗ മ്യൂസിയത്തില്‍ രാജ്യത്തിന്റെ പൈതൃകവും ചരിത്ര പ്രാധാന്യവും നിറഞ്ഞ വിവിധ പരിപാടികള്‍ ഒരുക്കും. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പോലെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിയുന്ന തരത്തിലാണ് പരിപാടികള്‍ ഒരുക്കുക എന്ന് ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.