വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തില്‍ പ്രത്യേക സാമ്പത്തിക സഹായമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയ്ക്കുള്ള സഹായ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് അയച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ ഇന്നു കോടതിയില്‍ ഹാജരാക്കി. കത്തില്‍ പ്രത്യേക സാമ്പത്തിക സഹായം നല്‍കിയില്ലാ എന്ന് പറഞ്ഞിട്ടില്ലായെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിയുന്നത്ര വേഗത്തില്‍ തീരുമാനമെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു.
പുനരധിവാസമടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ഇരയായവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതു പോലുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ ദുരന്തം ഏതു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത് എന്ന് വ്യക്തമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണ്. സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ആവശ്യത്തിനു തുകയുണ്ടല്ലോ എന്ന നിലപാടും കേന്ദ്രം ഇന്ന് ആവര്‍ത്തിച്ചു.