ഷാര്‍ജയിലെ റോഡുകളില്‍ ലെയ്ന്‍ മാറുന്നതിന് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ കാമറകള്‍ സ്ഥാപിക്കുന്നു. നിയമലംഘകര്‍ക്ക് നാനൂറ് ദിര്‍ഹം പിഴ ഈടാക്കും. ഇരുപത്തിനാല് മണിക്കൂറും കാമറകള്‍ നിരീക്ഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.അശ്രദ്ധമായ ലെയ്ന്‍ മാറ്റം അപകടങ്ങള്‍ക്കും ഗതാഗത കുരുക്കിനും കാരണമാകുന്നതോടെയാണ് ഷാര്‍ജ പൊലീസ് നിരത്തുകളില്‍ പുതിയ സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിക്കുന്നത്. ആദ്യ ബാച്ച് കാമറകള്‍ അല്‍ ബുദൈയ പാലത്തിനു താഴെ സ്ഥാപിക്കും. ദുബൈയിലേക്കുള്ള റോഡില്‍ ലെയ്ന്‍ മാറ്റം നിരീക്ഷിക്കുകയാണ് ലക്ഷ്യം.
നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് നാനൂറ് ദിര്‍ഹം പിഴയും ഈടാക്കും. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ വാഹനഡ്രൈവര്‍മാരെ ഓര്‍മ്മപ്പെടുത്തുകയാണെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് ആന്റ് പ്രട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അലയ് അല്‍ നാഖ്ബി അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ മികച്ച രീതിയില്‍ നിരീക്ഷിക്കാന്‍ പുതിയ കാമറകള്‍ക്ക് സാധിക്കും. രാവിലെ ഷാര്‍ജ ദുബൈ യാത്രയില്‍ എമിറേറ്റ്‌സ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കൊഴിവാക്കാന്‍ ആശ്രദ്ധമായി ലൈന്‍ മാറുന്നത് ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലും ഗതാഗത പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുണ്ട്. പ്രദേശത്ത് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനാണ് പുതിയ കാമറകള്‍ സ്ഥാപിക്കുന്നത്.