ഗാസ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നതിന് ഇസ്രേയല്‍ മന്ത്രിസഭ ഇന്ന് യോഗം ചേരും.വെടിനിര്‍ത്തലിന് ധാരണയായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.ഞായറാഴ്ച തന്നെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും എന്നാണ് പ്രതീക്ഷയെന്ന് മധ്യസ്ഥര്‍ വ്യക്തമാക്കി.
ദോഹയില്‍ ചര്‍ച്ചകള്‍ നടത്തുന്ന ഇസ്രയേല്‍ പ്രതിനിധി സംഘം വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയെന്നാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.കരാര്‍ അംഗീകരിക്കുന്നതിന് സുരക്ഷാ മന്ത്രിസഭ ഇന്ന് യോഗം ചേരും.ഇതിന് ശേഷമായിരിക്കും സമ്പൂര്‍ണ്ണ മന്ത്രിസഭ യോഗം ചേരുക.വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഹമാസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് മന്ത്രിസഭായോഗം ചേരുന്നത് ബെന്യമിന്‍ നെതന്യാഹു വൈകിപ്പിച്ചത്.ഇന്നലെ പതിനൊന്ന് മണിക്ക് യോഗം ചേരും എന്നായിരുന്നു അറിയിപ്പ്. പിന്നീട് ഇന്നലെ രാത്രി വൈകി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് വെടിനിര്‍ത്തലിന് ധാരണയായെന്ന് സ്ഥിരീകരിച്ചത്.ഞായറാഴ്ച തന്നെ വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കും എന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തലിന് ആണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച തന്നെ മൂന്ന് ബന്ദികളെ ഹമാസ് മോചിപ്പിക്കും.മുപ്പത്തിമൂന്ന് ബന്ദികളെയാണ് ഒന്നാംഘട്ടത്തില്‍ മോചിപ്പിക്കുക.ദോഹയില്‍ വെടിനിര്‍ത്തല്‍ ധാരണരൂപപ്പെട്ടതിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തിപ്പെടുത്തിയാണ് റിപ്പോര്‍ട്ട്.ഇരുപത്തിയേഴ് സ്ത്രീകളും മുപ്പത്തിയൊന്ന് കുട്ടികളും അടക്കം നൂറ്റിയൊന്ന് പലസ്തീനികളാണ് കൊല്ലപ്പെട്ടത്.