ഗാസ യുദ്ധം താത്കാലികമായി അവസാനിപ്പിച്ചതില്‍ ഖത്തര്‍ വഹിച്ചത് സുപ്രധാന പങ്കാളിത്തം.മധ്യസ്ഥ ചര്‍ച്ചകളില്‍ ഖത്തര്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിച്ചെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടങ്ങള്‍ സംബന്ധിച്ചും ഖത്ത്റിന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കും.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ആണ് ഗാസയില്‍ വെടിനിര്‍ത്തിലിന് ധാരണയായത്.അമേരിക്ക ഈജിപ്ത് ഖത്തര്‍ എന്നി രാജ്യങ്ങള്‍ ആണ് മധ്യസ്ഥശ്രമങ്ങള്‍ നടത്തിയത്.ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ താനിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.ഹമാസിനും ഇസ്രയേലിനും ഇടയില്‍ ഏറ്റവും ഒടുവില്‍ രൂപപ്പെട്ട ഭിന്നതപോലും പരിഹരിച്ചാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിയത്.
വെടിനിര്‍ത്തല്‍ ധാരണ രൂപപ്പെടുത്തുന്നതില്‍ ഖത്തര്‍ വഹിച്ച പങ്കിന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നന്ദി പറഞ്ഞു.സമാധാനം നിലനിര്‍ത്തുന്നതിന് ഖത്തറിന്റെ ഭാഗത്ത് നിന്നും ഇനിയും ശ്രമങ്ങള്‍ ഉണ്ടാകണം എന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു.വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം സംബന്ധിച്ചാണ് നിലവില്‍ ധാരണ രൂപപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.രണ്ടുംമൂന്നൂം ഘട്ടങ്ങള്‍ സംബന്ധിച്ച് ഖത്തറിന്റെ നേതൃത്വത്തില്‍ തന്നെ ചര്‍ച്ചകള്‍ നടക്കും.യുദ്ധം അവസാനിപ്പിച്ച് ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങണം എന്നതാണ് ഹമാസിന്റെ ആവശ്യം.ഇതടക്കം സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ആണ് ഇനി ചര്‍ച്ചകള്‍ നടക്കേണ്ടത്.ഗാസയുടെ നിയന്ത്രണം സംബന്ധിച്ചും വരും ഘട്ടങ്ങളിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക.