2025 കമ്മ്യൂണിറ്റി വര്‍ഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ ഐക്യം വളര്‍ത്തുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കൈകോര്‍ക്കുക എന്ന മുദ്രാവാക്യവുമായാണ് പുതിയ സംരംഭം നടപ്പിലാക്കുക.
രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കാം എന്ന ആശത്തിലാണ് 2025 കമ്മ്യൂണിറ്റി വര്‍ഷമായി പ്രഖ്യാപിച്ചത്. കൈകോര്‍ക്കുക എന്ന മുദ്രാവാക്യത്തിലാണ് പുതിയ ദേശീയ സംരംഭം നടപ്പിലാക്കുക. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ ഐക്യം വളര്‍ത്തുന്നതിനും സുസ്ഥിരമായ വളര്‍ച്ചക്കുള്ള സാധ്യതകള്‍ തുറക്കുന്നതിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. പുതിയ സംരംഭത്തിന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആശംസകള്‍ അറിയിച്ചു. സമൂഹത്തിലെ ഐക്യം വരാനിരിക്കുന്ന തലമുറയുടെ മികച്ച ഭാവിക്ക് അടിത്തറയാകും എന്ന കാഴ്ചപ്പാടോടെയാണ് പുതിയ സംരംഭം.
വ്യക്തികള്‍ തമ്മിലുള്ള കരുതലും ബന്ധവുമാണ് രാജ്യത്തിന്റെ അടിത്തറയെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇമാറാത്തി പൈതൃകം കാത്ത് സംരക്ഷിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എഐ ഉള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകളുടെ പ്രവര്‍ത്തനവും ഭാവി പദ്ധതികള്‍ രൂപീകരിക്കുന്നതിനായി വിവിധ പദ്ധതികളും തയ്യാറാക്കും. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ സായിഗ് അല്‍ നഹ്യാന്‍ എന്നിവര്‍ പുതിയ സംരംഭത്തിനു മേല്‍നോട്ടം വഹിക്കും. കഴിഞ്ഞ വര്‍ഷം പരസ്ഥിതി ദിനത്തില്‍ 2024 സുസ്ഥിരതാ വര്‍ഷരമായി പ്രഖ്യാപിച്ചിരുന്നു.