ഗാസ ഒഴിപ്പിക്കണം എന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി ഈജിപ്തും ജോര്‍ദ്ദാനും.ട്രംപിന്റെ പ്രസ്താവനയ്ക്ക് എതിരെ ജര്‍മ്മനിയും രംഗത്ത് എത്തി.അതെസമയം വടക്കാന്‍ ഗാസയിലേക്ക് പലസ്തീനികള്‍ തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതുവരെ എത്തിയത്.
ഗാസ ഒഴിപ്പിക്കണം എന്നും പലസ്തീനികളെ അയല്‍രാജ്യങ്ങളായ ജോര്‍ദ്ദാനും ഈജിപ്തും സ്വീകരിക്കണം എന്ന ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് എതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനം ആണ് ഉയരുന്നത്.പലസ്തീന്‍ ജനത അവരുടെ നാട്ടില്‍ തന്നെ തുടരണം എന്നാണ് നിലപാടെന്ന് ജോര്‍ദ്ദാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.സ്വന്തംഭൂമിയില്‍ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശത്തിനൊപ്പം നില്‍ക്കുമെന്ന് ഈജിപ്തും വ്യക്തമാക്കി.ഗാസയില്‍ നിന്നും പലസ്തീനികളെ ഒഴിപ്പിക്കുന്നതിനോ ഇസ്രയേല്‍ അധിനിവേശം ശക്തിപ്പെടുത്തുന്നതിനോ ഉള്ള നീക്കത്തെ എതിര്‍ക്കുമെന്നും ഈജിപ്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പലസ്തീന്‍ ജനതയെ ഗാസയില്‍ നിന്നും പുറത്താക്കാന്‍ പാടില്ലെന്നാണ് നിലപാടെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയവും അറിയിച്ചു.വെടിനിര്‍ത്തല്‍ തുടരുന്ന ഗാസയില്‍ ജനങ്ങള്‍ സ്വദേശങ്ങളിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.വടക്കന്‍ ഗാസയിലേക്ക് മൂന്ന് ലക്ഷത്തിലധികം പേര്‍ തിരികെ എത്തി.ഇനി മൂന്നര ലക്ഷത്തോളം പേര്‍ കൂടി തിരികെ എത്താനുണ്ടെന്നാണ് കണക്ക്.വീടുകളും കെട്ടിടങ്ങളും പൂര്‍ണ്ണമായും തകര്‍ന്ന വടക്കന്‍ മേഖലയിലെ ടെന്റുകള്‍ കെട്ടി ജീവിക്കുന്നതിനാണ് പലരുടെയും ശ്രമം.