തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ മലയാളി താരം സഞ്ജു സംസണ്‍ പന്ത്രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഇരുപത്തിയൊമ്പതാം സ്ഥാനത്ത് എത്തി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് രണ്ടക്കം കടക്കാനായത്. ആദ്യ മത്സരത്തില്‍ 26 റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ അഞ്ച് മൂന്ന് എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. ഇംഗ്ലീഷ് ബോളര്‍മാര്‍ക്കു മുമ്പില്‍ അടിപതറിയ സഞ്ജുവിന് റാങ്കിങ്ങിലും വലിയ തകര്‍ച്ചാണ് ഉണ്ടായത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ അടുത്ത രണ്ട് മത്സരങ്ങള്‍ സഞ്ജുവിന് നിര്‍ണായകമാണ്. അതേസയമം ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റിയില്‍ അര്‍ധസെഞ്ചറിയുമായി ഇന്ത്യയെ വിജയത്തിലെത്തിച്ച തിലക് വര്‍മ, ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി. പരമ്പരയിലെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു 5 വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 10 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ബോളര്‍മാരില്‍ അഞ്ചാം സ്ഥാനത്തെത്തി. കരിയറില്‍ ഇരുവരുടെയും ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുന്നതിനു മുന്‍പ് മൂന്നാം സ്ഥാനത്തായിരുന്ന ഇരുപത്തിരണ്ടുകാരന്‍ തിലക് വര്‍മ, രണ്ടാം ട്വന്റി20യില്‍ 55 പന്തില്‍ പുറത്താകാതെ നേടിയ 72 റണ്‍സിന്റെ ബലത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ തിലക് വര്‍മ 18 റണ്‍സെടുത്ത് പുറത്തായിരുന്നു. ഒന്നാം സ്ഥാനത്തുള്ള ഓസീസ് താരം ട്രാവിസ് ഹെഡിനേക്കാള്‍ 23 പോയിന്റ് മാത്രം പിന്നിലാണ് താരം.