ഫുജൈറ: പൊതുജനാരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫുജൈറ മുനിസിപ്പാലിറ്റി. 2024 ല്‍ ഇരുപത്തിയൊന്‍പത് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പരിശോധന തുടരുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി 2024 ല്‍ ഫുജൈറ മുനിസിപ്പാലിറ്റി ആരോഗ്യ നിയന്ത്രണ വിഭാഗം 31,462 പരിശോധനകളാണ് നടത്തിയത്. നിയമലംഘനം കണ്ടെത്തിയ 1,525 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പിഴയും ഈടാക്കിയതായി ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അഫ്ഖാം അറിയിച്ചു. പൊതുജനാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയുമാണ് മുനിസിപ്പാലിറ്റിയുടെ പ്രധാന ലക്ഷ്യമെന്നും മുഹമ്മദ് അല്‍ അഫ്ഖാം പറഞ്ഞു. ഉത്പന്നങ്ങള്‍ നിലവാരമുള്ളതാണെന്ന് ഉറപ്പാക്കും. സ്ഥാപനങ്ങള്‍ ശുചിത്വം പാലിക്കുന്നണ്ടെന്ന് പരിശോധനകള്‍ നടത്തും. കീടനാശിനികള്‍ മറ്റ് ഹാനികരമായ വസ്തുക്കള്‍ എന്നിവയുടെ വില്‍പനും ഉപയോഗവും മുനിസിപ്പാലിറ്റി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഭക്ഷണങ്ങളും പാനീയങ്ങളും സൂക്ഷിക്കുന്നതിന് അനുവദനീയമായ ഊഷ്മാവ് പാലിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങള്‍ നിരന്തര പരിശോധനകള്‍ തുടരുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.